Thursday 13 September 2012

ബോണ്‍സായ്

ചില്ലിട്ട ചുവരുകളുടെ പിറകില്‍ നിന്ന് കൊണ്ട് പുറംകാഴ്ചകള്‍ കാണുകയായിരുന്നു ഞാന്‍. ഓഫീസ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ്‌ എന്റെ ഗ്രൂപ്പ്‌ ഇരുന്നിരുന്നത്. പടിഞ്ഞാറേ ഭാഗത്തേക്ക്‌ നോക്കി നില്‍ക്കുന്ന ചുവരിന്റെ പിന്നില്‍ നിന്ന് നോക്കിയാല്‍ കുറ്റിക്കാടുകള്‍ക്കും അപ്പുറം ആ ചെറിയ അരുവിക്കും അപ്പുറം എയര്‍പോര്‍ട്ടും അങ്ങോട്ട്‌ പറന്നു ഇറങ്ങുന്ന യന്ത്രപക്ഷികളെയും കാണാം. സായാഹ്നം ആണെങ്കില്‍ ചുവപ്പിന്റെയും മഞ്ഞയുടെയും വൈവിധ്യമാര്‍ന്ന കൂട്ടുകള്‍ ആകാശത്തെ ഫ്രെയ്മില്‍ വാരിവിതറിയിട്ടുണ്ടാവും. ജോലിഭാരം കൂടുമ്പോള്‍ അല്ലെങ്കില്‍ അത് വിരസമാവുമ്പോള്‍ ഈ സായാഹ്ന കാഴ്ച ഞാന്‍ കുറച്ചു നേരം നോക്കി നില്‍ക്കാറുണ്ട്. ഇന്നും അങ്ങനെ തന്നെ എത്തിയതാണ്. ഉച്ച മുതല്‍ കമ്പ്യുട്ടെറിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇനിയും ഏറെ നേരം ചിലവിടേണ്ടി വരുമെന്നാണ് തോന്നുന്നത്. അങ്ങനെയിരിക്കുമ്പോള്‍ ആണ് തോന്നിയത്, ഈ ചില്ലുചുവരുകല്‍ക്കപ്പുറമുള്ള സൂര്യാസ്തമയത്തിന്റെ കാന്‍വാസ് ഒന്ന് കാണാന്‍. അരുവിക്കരയില്‍ എയര്‍പോര്‍ട്ട്‌ തുടനുങ്ങുന്നതിനു മുന്‍പ്, ഒരു ആല്‍മരം ഉണ്ട്. വള്ളികള്‍ പടര്‍ന്നു പടര്‍ന്നു  പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരം. ആ ദൂരക്കാഴ്ചയില്‍ മരമെന്നു പറയാന്‍ ആകെയുള്ളത് ആ ആല്‍മരം മാത്രമാണ്. പിന്നയുള്ളത് എന്റെ മേശയില്‍ കമ്പ്യുട്ടെറിനു അരികില്‍ ഞാന്‍ വളര്‍ത്തുന്ന എന്റെ ബോണ്‍സായ് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന ഈ മേഖലയെ പാര്‍ക്ക്‌ എന്നാണ് പറയുന്നെത്. കുട്ടിക്കാലത്ത് എനിക്ക് ഓര്‍മയുള്ളതു സുഭാഷ്‌ പാര്‍ക്ക്‌  ആണ് , നിറയെ മരങ്ങള്‍ പച്ചപ്പ്‌ പടര്‍ത്തി തണലേകി കാറ്റത്ത്‌  മെല്ലെ ഇളകിയാടി,  ആ പാര്‍ക്ക്‌ കായല്‍ക്കരയില്‍ നിലനിന്നിരുന്ന ആ കാഴ്ച കുട്ടിക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇവിടെ അങ്ങനെയല്ല, ഈ ഐടി പാര്‍ക്കില്‍ മരങ്ങള്‍ ഇല്ല. ചില്ലിട്ട കെട്ടിടങ്ങളാണ് വീഥികളില്‍ തണല്‍ നല്‍കിയിരുന്നത് . നഗരം വേനലില്‍ ചുട്ടുപഴുക്കുമ്പോള്‍, ആ ചൂട് ഇരട്ടിയായി ആ വീഥികളില്‍ അനുഭവപ്പെട്ടിരുന്ന ഒരു പാര്‍ക്ക്‌. അവിടെ മരമെന്നു പറയാന്‍ ഞാന്‍ കണ്ടിട്ടുള്ളത് എന്റെ ബോണ്‍സായ് മരം മാത്രം. അത് ഒരു പാലമരം ആയിരുന്നു. ഒരു ആഗ്രഹത്തിന് പുറത്തു വാങ്ങിയതാണ്.

പാലമരം വാസസ്ഥലങ്ങളില്‍ നടരുതെന്നാണ് വിശ്വാസം, പണ്ടൊരിക്കല്‍ തറവാട് മുറ്റത്ത്‌ ഞാന്‍ ഒരു തൈ നടാന്‍ തുടങ്ങുമ്പോള്‍ എന്റെ അപ്പൂപ്പന്‍ എന്നെ വിലക്കിയത് അത് പറഞ്ഞാണ്.പാലപ്പൂക്കളുടെ സുഗന്ധം എനിക്കത്രക്കു ഇഷ്ടമായിരുന്നു. കാല്പനികതക്കു ലഹരി പകരുന്ന മണം. കേട്ട് തഴമ്പിച്ച യക്ഷി കഥകളിലെ യക്ഷിയും ഗന്ധര്‍വനും പാലമരവും സര്‍പ്പക്കാവും ഒക്കെ എന്റെ കുട്ടിക്കാലത്തെ അവധിക്കാല ഓര്‍മ്മകള്‍ ആണ്. തറവാടിന്റെ പുറകില്‍ നെല്പ്പാടമായിരുന്നു. പാടത്തിന്റെ വരമ്പത്ത് കൂടി നടന്നു നടന്നു എത്തുന്നത്ഒരു കാവിലാണ്. കാവിന്റെ മുന്‍വശത്ത് ഒരു ഗന്ധര്‍വ പ്രതിഷ്ഠ, മുകള്‍വശം തുറന്നിട്ട ഒരു ചെറിയ  ചതുരത്തില്‍ ആയിരുന്നു ഗന്ധര്‍വന്‍ കുടിയിരുന്നിരുന്നത്. അതിന്റെ കാരണം അപ്പൂപ്പന്‍ആണ് പറഞ്ഞു തന്നത്. "ഗന്ധര്‍വന്മാര്‍ പല തരങ്ങളിലുണ്ട്. അവരുടെ രീതികളും പലതു. നമ്മുടെ കാവില്‍  കുടിയിരിക്കുന്നത് ആകാശഗന്ധര്‍വനാണ് . രാത്രിയാവുമ്പോള്അവിടെ നിന്ന് പതുക്കെ പറന്നുയര്‍ന്നു  ആകാശ മാര്‍ഗം പോകും. പുലര്‍ച്ചെയുള്ള ഒരു യാമത്തില്‍ തിരികെ വന്നിരിക്കും." അപ്പൂപ്പന്‍ പറഞ്ഞു തന്നു. "എങ്ങോട്ടാ പോണത് ?" എന്റെ സംശയത്തിനു അപ്പൂപ്പന്‍ വ്യക്തമായ മറുപടി അന്ന് പറഞ്ഞു തന്നില്ല. പിന്നീട് 'ഞാന്‍ ഗന്ധര്‍വന്‍' സിനിമ കണ്ടപ്പോളല്ലേ കഥ പിടി കിട്ടുന്നത്. അപ്പോഴാ  മനസ്സിലായത് , എന്റെ ചേച്ചിമാര്എന്തിനു അതിലെ പോകാന്‍ഭയന്നിരുന്നത് എന്തിനെന്നു. ഗന്ധര്‍വന്‍ വശീകാരിച്ചാലോ എന്ന ഭയം അവര്‍ക്ക് ഒരു കാലം വരെയുള്ളതായി ഞാന്‍ ഓര്‍ക്കുന്നു

 
ക്ഷേത്രത്തിന്റെ തൊട്ടപ്പുറത്ത് സര്‍പ്പക്കാവ്. നിറയെ മരങ്ങളാണ്. അകത്തോട്ട്‌ നോക്കിയാല്‍ കുറ്റാകൂരിരുട്ട്. നട്ടുച്ച വെയിലത്തും ഇരുട്ട്. തീരെ വെളിച്ചം കടക്കില്ല. എപ്പോഴും ചീവിടുകളുടെയും, ഏതൊക്കെയോ കിളികളുടെയും ശബ്ദം. സര്‍വസമയവും ഒരു ഈര്‍പ്പം തങ്ങി നിന്നിരുന്നു, ഒരു കുളിര്‍മ ,ഏതു വേനല്‍ ചൂടിലും ,ഒരാള്‍ക്ക്‌  അവിടെ നിന്നാല്‍ തോന്നും. എപ്പോഴും മഞ്ഞളിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം അവിടെ പരന്നിരിക്കും. ദിവസവും ആരെങ്കിലുമൊക്കെ നൂറും പാലും കഴിപ്പിക്കുവാന്‍ വരും. പാല പൂത്തു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സുഗന്ധം. റിജുനേഷന്‍ എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതിന്റെ അര്‍ഥം മനസിലാകുന്ന സമയമായപ്പോള്ആണ് പണ്ട് കാവില്നില നിന്നിരുന്നത് അത് തന്നെ ആല്ലേ എന്ന് തോന്നിയിട്ടുള്ളത്ഒരിക്കല്‍ ഞാന്‍  കാവില്‍ കയറിയിട്ടുണ്ട്. ഇന്നും മറക്കാനാവാത്ത അനുഭവം.

വേനലായാല്‍ പാടത്ത് കൊയ്ത്തു കഴിയും. പിന്നെ ക്രിക്കറ്റ്കളിയാണ്. നേരം പരപരാ വെളുക്കുമ്പോള്‍  മുതല്‍ കണ്ണില്ഇരുട്ട് കയറുന്നത് വരെ. പിന്നെ കുളത്തില്‍ ഒരു കുളി, അത്താഴം ഉറക്കം. അടുത്ത ദിവസവും ഇത് തന്നെ. കയ്യില്‍ കിട്ടുന്നത് തിന്നും, കണ്ണില്‍കണ്ടത് എടുക്കും, മനസ്സില്‍ തോന്നിയത് ചെയ്യും. അങ്ങനെ ഒരു ദിവസം. അമ്മാവന്റെ മകന്‍, ദീപു, അവന്ആണ് പന്തെറിയുന്നത് . ആദ്യ പന്ത് കുത്തി പൊങ്ങി എന്റെ തലയില്‍ വന്നു കൊണ്ടു. ഞാന്‍  താഴെ വീണു. അവന്പറഞ്ഞു "വലിയ സച്ചിന്ടെന്‍ടുല്‍ക്കര്‍ വന്നിരിക്കുന്നു. ഡാ ഇതാണ്ട ആംബ്രോസ്. കണ്ട ബൌന്‍സര്‍ വന്ന വരവ് കണ്ട ?" ആകാരത്തില്അവന്‍ ആംബ്രോസ് തന്നെ. പക്ഷെ സച്ചിനെ വെല്ലു വിളിക്കാന്‍ വളര്‍ന്നോ. അടുത്ത ബോള്‍. കണ്ണും പൂട്ടി ര്‍വശക്തിയുമെടുത്തു വെച്ച് കീറി. പന്ത് പറന്നു. കാവിലെ ഇലപ്പടര്‍പ്പുകളിലേക്ക് അത് പോയി. തലേ ദിവസം അമ്മാവന്‍ വാങ്ങി തന്ന പന്താണ്. കുറെ കാലം പുറകെ നടന്നപ്പോള്‍‍, വാങ്ങി തന്ന വില കൂടിയ ടെന്നീസ് ബോള്‍. അത് നഷ്ടപെട്ടാല്‍ അടിയുടെ പൂരം നടക്കും. എങ്ങനെയും അത് തപ്പി എടുക്കണം. ഞങ്ങല്‍ കാവിലേക്കു പോയി..

പുറത്തെങ്ങും പന്ത് കാണ്മാനില്ല. അകത്തു തന്നെ ആയിരിക്കും. ആര് പോകും, ര്‍ക്കും ദൌത്യം ഏറ്റെടുക്കാന്‍ ധൈര്യം ഇല്ല. ര്‍ക്കം തുടങ്ങി  പൊരിഞ്ഞു, പിന്നെ തീരുമാനം. അടിച്ചു പറപ്പിച്ചവന്‍തന്നെ എടുക്കണം. അത് എന്റെ തലയില്‍ തന്നെ. ചെയ്തിലേല്‍ പിന്നെ അവന്മാന്‍ കളിയ്ക്കാന്‍ കൂട്ടില്ല.  " ഡാ ര്‍പക്കാവാണ്. അകത്തു പമ്പ് ഉണ്ടാവുമോ?" ഞാന്ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. "പാമ്പ്അല്ലടാ ര്‍പ്പം. ര്‍പ്പം നമ്മളെ അങ്ങനെ കടിക്കില്ല. കണ്ടാല്‍ കൈ കൂപ്പി നില്‍ക്കണം. എന്നിട്ട് പന്തെടുക്കാന്‍വന്നതാണെന്ന് തൊഴുതു പറഞ്ഞാല്‍മതി." ദീപു പറഞ്ഞു.  "ശരിയായിരിക്കും" എനിക്കും തോന്നി. ധൈര്യം സംഭരിച്ചു അകത്തേക്ക് കയറാന്‍ തുടങ്ങി. കാലു നിലത്തു കുത്തിയപ്പോള്‍ ഭയങ്കര തണുപ്പ് കാലില്‍ അരിച്ചു കയറുന്നു. നിലത്തു നിറയെ ഇലകള്‍ ആയിരുന്നു. അതിന്റെ അടിയില്‍ ര്‍പ്പം തങ്ങി നിന്നിരുന്നു. പടര്‍ന്നിറങ്ങിയ വള്ളികള്‍ക്ക് ഇടയിലൂടെ ഞാന്‍പതുക്കെ മുന്നോട്ടു നീങ്ങി. തീരെ വെളിച്ചം ഇല്ല. പക്ഷികളുടെ കളകളപ്പ്, ചീവിടിന്റെ ശബ്ദം, ഉള്ള ചെറിയ വെളിച്ചത്തില്‍ ഞാന്‍ ബോള്തപ്പുകയാണ്‌. ഫ്ലൂസേന്റ്റ് പച്ച നിറമായിരുന്നു പന്തിനു. ഉള്ളില്‍ പേടി ഉറഞ്ഞു കൂടുന്നു. അകത്തു ഒരു കുളം. ഇലകള്‍ വീണു ചീഞ്ഞളിഞ്ഞു കറുത്ത വെള്ളം. എവിടെയോ ഒരനക്കം കേട്ടു. ഞാന്‍  ചുറ്റും കണ്ണോടിച്ചു, ഒന്നും കാണ്മാനില്ല. വീണ്ടും എന്തോ അനങ്ങി. അനക്കം കേട്ട ദിശയിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. ചുറ്റും തണുപ്പ്. ശരീരത്തിന് മൊത്തം ഒരു കുളിര്. കാട് കറങ്ങുന്നത് പോലെ.  സിരകളില്‍ എന്തൊക്കെയോ ഇരച്ചു കയറുന്നത് പോലെ. പിന്നെ ഇരുട്ട്.ഒന്നും അറിയാത്ത ഇരുട്ട്, സുഖമുള്ള ഇരുട്ട്. പ്രകൃതിയുടെ രഹസ്യ കവാടങ്ങള്‍ ഞാന്‍ കടന്നപ്പോള്‍ വിസ്മയത്തിന്റെ അതിരുകലാവണം എന്റെ മനസ്സ് കടന്നത്‌.

കണ്ണ് തുറന്നപ്പോള്‍ഞാന്‍തറവാടിന്റെ ഉമ്മറത്താണു. അപ്പൂപ്പന്റെ വക ശകാരം."നിന്നോട് ആര് പറഞ്ഞു കാവില്‍കയറാന്‍‍. കാവ് തീണ്ടരുതെന്നു അറിയില്ലേ? നാഗരാജാവ് കുടിയിരിക്കുന്ന കാവാണ്‌. അവിടെ കയറാമോ ? ദോഷ പരിഹാരം ചെയ്യണം."
അടുത്ത ദിവസം സര്‍പ്പം പാട്ട് നടത്താന്‍ആള് വന്നു. കളമെഴുതി, വലിയ ഒരു കളം. വൈകുന്നേരമായപ്പോള്‍ ആളുകള്‍ ഒത്തുക്കൂടി. പൂക്കുല പിടിച്ചു പെണ്‍കുട്ടികള്‍ കളം നിറഞ്ഞാടി. എല്ലാവര്‍ക്കും പ്രസാദമൂട്ടും നടന്നു.

കാവ് തീണ്ടരുതെന്ന ആ വിശ്വാസം. അതെന്തിനെന്നു എനിക്കറിയില്ലായിരുന്നു അന്ന്. പിന്നീട് വളര്‍ന്നു വന്നപ്പോള്‍ ഞാന്‍ മനസിലാക്കി, ആ ചെറിയ വാക്യത്തിന്റെ വ്യാപ്തി. ഒരു പുരയിടത്തില്‍ ജനവാസ
ത്തിനോട് ചേര്‍ന്ന് പ്രകൃതിയെ ഒരു കന്യകയെ പോലെ സംരക്ഷിക്കുന്നു. ആരും തൊടാതെ, ഒരു ആവാസ കേന്ദ്രം. വെള്ളവും, ചെടികളും, മരങ്ങളും, ഔഷധ്യ സസ്യങ്ങളും, സര്‍പ്പവും, കിളികളും മനുഷ്യനാല്‍ സ്പര്‍ശിക്കപ്പെടാതെ. നമ്മുടെ സംസ്കാരം എത്ര വിശാലമായിരുന്നു, എത്ര ദീര്‍ഖവീക്ഷണം ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.

ആ നെല്‍പ്പാടം പിന്നീട് കൃഷി ഇറക്കാതെ തരിശു ഭൂമിയായി. കാവും ആരാധനയും പക്ഷെ മുറക്ക് നടന്നു. പിന്നീടെപ്പഴോ സര്‍ക്കാരിന്റെ ഏതോ വികസന പദ്ധതിയുടെ പട്ടികയില്‍ ആ സ്ഥലവും അതിനോട് ചേര്‍ന്ന് കിടന്ന നീണ്ടു നിവര്‍ന്നു കിടന്ന നെല്‍വയലുകളും ഏറ്റെടുക്കപ്പെട്ടു. സര്‍പ്പങ്ങളെ കുടിയിറക്കി, മറ്റെവിടെയോ പാര്‍പ്പിച്ചു. പുനരധിവാസം, വികസനത്തിന്‌ മുന്നില്‍ എന്ത് സര്‍പ്പക്കാവ്
എന്ത് വിശ്വാസം. വര്‍ഷങ്ങള്‍ക്കു ഇപ്പുറം, കഴിഞ്ഞ മാസം ഞാന്‍ അവിടെയെത്തി. തറവാട് സ്ഥലം ചുരുങ്ങി ചുരുങ്ങി ഒരു മതില്‍ക്കെട്ടില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിന്റെ അപ്പുറത്ത് എന്തോ കെട്ടിടം പണികള്‍ നടപ്പുണ്ട്. സര്‍ക്കാര്‍ വക വികസനം ഒന്നുമല്ല. ആ ഭൂമി ഏതോ സ്വകാര്യ ഗ്രൂപ്പ്‌  നൂറു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തു. എന്താണാവോ പദ്ധതി. നീണ്ടു നിവര്‍ന്നു കിടക്കുന്ന വെളിമ്പ്രദേശം, കാവില്ല, മരങ്ങളില്ല, തണലില്ല, മഴയുമില്ല.

ഇന്ന് ഈ ചില്‍മേടയുടെ മുകളില്‍ നിന്ന് ഞാന്‍ കാണുന്ന ആ ആല്‍മരവും ഒരു തിരുശേഷിപ്പ് ആണ്. പണ്ട് ഇവടവും ഇത് പോലൊക്കെ ആയിരുനിരിക്കും. പ്രകൃതിയും മനുഷ്യനും തമ്മില്‍ അന്തരമില്ലതിരുന്ന ഒരു കാലത്തില്‍. അതിന്റെ ഓര്‍മയ്ക്ക് വേണ്ടി പോരടിച്ചു പടവെട്ടി നിന്ന് കാണണം ഈ പടുവൃക്ഷം. വീക്ഷണം ഇല്ലാത്ത വികസനത്തിന്‌ മുന്നില്‍, പണത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ഓട്ടത്തിന്റെ തിരക്കിലെ മറവിക്ക് മുന്നില്‍, നാളെയുടെ ദുരന്തത്തിന് ഒരു മുന്നറിയിപ്പ് നല്‍ക്കി
ഇന്നിനോട് മല്ലിട്ട് നിന്നതാവണം ആ മരം. 

ഇരുട്ട് പടര്‍ന്നിരിക്കുന്നു. റണ്‍വേയുടെ  അതിരുകള്‍ പ്രകാശ നിരകള്‍ ആയി കാണപ്പെട്ടു. തിരികെ സീറ്റിലേക്ക് നടക്കുമ്പോള്‍ മനസ്സ് ചിന്തയില്‍ തന്നെയായിരുന്നു. ഒടുക്കം കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ ബോണ്‍സായ് എന്റെ മുന്നില്‍ മെല്ലെ ഇളകി ആടി. ചിന്തകള്‍ക്ക് വിരാമമിടാന്‍ തുടങ്ങുമ്പോള്‍ ഒരു ചോദ്യം, സംശയം ബാക്കിയായി
നിന്നു. ഞാനും ഒരു ബോണ്‍സായ് അല്ലേ ? മനസ്സ് സുഷ്കിച്ച ഒരു സമൂഹത്തില്‍ കാഴ്ചപ്പാടിന്റെ വളര്‍ച്ച മുരടിച്ച ഒരു ബോണ്‍സായ് തലമുറയിലെ ഒരു ബോണ്‍സായ് മനുഷ്യന്‍.

4 comments:

  1. ബോണസായി തലമുറയിലെ ബോണസായി മനുഷ്യരാണ് നമ്മളെല്ലാം. നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ശ്രീജിത്ത്‌

      Delete
  2. കുറച്ച് മുമ്പ് നാമ ഇണ്ടായത് നന്നായി , ഇന്നിന്റെ കുട്ടികൾക്ക് എന്താണ് ഓർമകൾ പോലും അറിയില്ല
    ബോൺസായു നാം തന്നെ

    ReplyDelete
    Replies
    1. സത്യം, പരമാര്‍ത്ഥം ...നന്ദി ഷാജു

      Delete