ചുട്ടു പൊള്ളുന്ന വെയില്‍.
ചുറ്റും വെന്തെരിഞ്ഞ കാടിന്‍റെ അവസാന ശേഷിപ്പുകളുടെ
ആര്‍ത്തനാദം. ഒഴുക്ക് നിലച്ച നദിയുടെ മാറിലെ മണലൂറ്റിയെടുത്തുണ്ടായ വടുക്കളില്‍ അവശേഷിച്ച ജലം പുതിയ രോഗങ്ങളുടെ മഹാ
ബീജങ്ങള്‍ക്ക് പാത്രമേകുന്നു.
കാറ്റ്, മീനച്ചൂടിന്‍റെ കാഠിന്യം ശരീരത്തില്‍ നീറ്റലായ് ഓര്മ്മപെടുത്തുമ്പോഴേക്കും, ആ തീരത്ത് നിന്ന് ചലിക്കാനകാത്തടത്തോളം, കാലുകള്‍ ചളിയില്‍ ആണ്ടു പോയിരിന്നു. അവിടെ നിന്നുകൊണ്ടവന്‍ ആ സിദ്ധാര്‍ത്ഥ
വചനങ്ങള്‍ ഓര്‍ത്തു...
"തിരസ്കരിച്ചതിനെ
ഓര്‍ത്തു ദുഖിക്കാതിരിക്കുക. ഒരിക്കലും തിരസ്കരിക്കേണ്ടി വരാത്തതില്‍ അഭയം തേടുക, ഇതാ, ഈ മരങ്ങളിലും
പുഴയിലും പുഴവക്കിലെ ഈ പരിചയമുള്ള കുളിര്‍മയുടെ കാരുണ്യത്തിലും.” **
അപ്പോഴൊക്കെയും ചുടു കാറ്റ്
പൊള്ളല്‍ കുമിളകളില്‍ പുതിയ പുതിയ നീറ്റലുകള്‍ ഏല്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെ അഭയം തേടാന്‍ താമസിച്ചു
പോയിരിക്കുന്നു. അവനോര്‍ത്തു. മരങ്ങള്‍, പുഴകള്‍, പുഴവക്കിലെ പരിചയമുള്ള കുളിര്‍മ്മ ഒക്കെയും പുറകിലേക്കുള്ള ദൂരങ്ങളിലെവിടെയോ മാഞ്ഞുപോയിരിക്കുന്നു... സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം… ആണ്ടു പോയ ചളിയില്‍ ചലനം നഷ്ട്ടപ്പെട്ടിട്ടും അവന്‍ വെറുതെ ആശിച്ചു, വഴികാട്ടിയായി
ഒരു ബോധിവൃക്ഷമെങ്കിലും അവശേഷിപ്പിച്ചിരുന്നെങ്കില്‍...