Friday, 21 September 2012

പാളയന്തോടന്‍

നാലുദിവസവും ചില്ല്വാനവുമായി, ഭൂതങ്ങളെന്നോടു കോപിച്ചിരിക്കുകയാണ്.... മലംഭൂതങ്ങള്‍!!! എങ്ങനെ കോപിക്കാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നൊ കഴിഞ്ഞ ഒരാഴ്ച്ചയായിട്ട്... ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈയ്യ്, ചിക്കന്‍ 65, ചിക്കന്‍ തന്തൂരി, ചിക്കന്‍... ചിക്കന്‍... ചിക്കന്‍... ഹോ! അതും എറണാകുളത്തു നിന്ന്!  ഓര്‍ത്തിട്ട് കൂടി പേടിയാകുന്നു. മനുഷ്യന് ഏറ്റവും വലിയ ആശ്വാസം ലഭിക്കുക വയറൊഴിയുമ്പോളാണത്രെ! അതെയോ...? പണ്ടെങ്ങോ ഒരു തെന്നാലിരാമന്‍ കഥയില്‍ വായിച്ചതാണ്! ഹൌ! ആ ഒരാശ്വാസത്തിന് വേണ്ടിയുള്ള അന്വേഷണമാരംഭിച്ചിട്ടിതിപ്പോള്‍ ദിവസം നാലുകഴിയുന്നു. സാരമില്ല, പണ്ട് ബുദ്ധനും ശങ്കരനുമൊക്കെ എത്രയലഞ്ഞിട്ടാ ബോധോദയം ഉണ്ടായത്, നിര്‍വാണസിദ്ധി നേടിയത്. അതുപോലെയൊരുദിവസം എനിക്കും കിട്ടുമായിരിക്കുമാശ്വാസം!

വിശപ്പ്‌ തീരെ ഇല്ല്യാണ്ടായ്! നാവിനു രുചി അറിയാന്‍ കൂടി കഴിയുന്നില്ല. ഇതിനി ഇങ്ങനെ തുടര്‍ന്നാല്‍ സംഗതി ഗുരുതരമാകും! ചേട്ടനോട് ചോദിക്കുക തന്നെ നിവൃത്തി..  കഴിഞ്ഞ 8 വര്‍ഷത്തോളമായ് ചേട്ടനിവിടെയുണ്ട`.  പല പല ഹോട്ടലുകളില്‍ നിന്നായ് പല പല നിറത്തിലുള്ള, പല പല രുചികളിലുള്ള വിഷം (ഭക്ഷണം) കഴിച്ച് നേടിയ ഒരു വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്, എന്തെങ്കിലുമൊരു മാര്‍ഗം പറഞ്ഞു തരാതിരിക്കില്ല, ഏതായാലും ഞാന്‍ കാര്യം അവതരിപ്പിച്ചു.

"അയ്യേ... ഇതാണോ വലിയ കാര്യം! നീ ഒരു കാര്യം ചെയ്, പോയി ആ ഗണപതി ഹോട്ടലില്‍ നിന്നൊരു മാസലദോശ വാങ്ങിക്കഴിക്ക് എല്ലാം ശരിയാകും!" ഇത് പറയുമ്പോള്‍ ചേട്ടന്‍റെ മുഖത്തുണ്ടായ നിസ്സാരഭാവവും ചിരിയും എന്നെ തെല്ലോന്നലോസരപ്പെടുത്തി. അതൊക്കെ പരീക്ഷിച്ചു ക്ഷീണിച്ചവശനായ് തളര്‍ന്നു തുടങ്ങി ഞാന്‍ എന്ന അറിവ്, ചേട്ടന് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ നന്നായി  ബോധ്യമാക്കി കൊടുക്കത്തക്കതായിരുന്നു.

അഗാധമായ ഏതോ ചിന്തയിലെന്നപോലെ ചേട്ടന്‍റെ മുഖം കൂടുതല്‍ ഗൗരവമാര്‍ന്നതായ് തോന്നി! ഒരു പരിഹാര മാര്‍ഗം, അതിവിടെനിന്നു തന്നെ ലഭിക്കും എന്നെനിക്കുറപ്പായിരുന്നു. എന്‍റെ ആകാംക്ഷയുടെ പിരിമുറുക്കത്തിന് അയവെന്നോണം അവസാനം ചേട്ടന്‍ സംസാരിച്ചു തുടങ്ങി.
"നീ പറയുന്നത് കേട്ടിട്ട് സംഗതിയുടെ കിടപ്പത്ര പന്തിയല്ല. ഒരു ശ്രമം കൂടി നടത്തി നോക്കാം അതിലും വിജയിച്ചില്ലെങ്കില്‍... പിന്നെ എനിമയെ രക്ഷയുള്ളൂ."

"എനിമയോ അതെന്താ?"
എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു ചേട്ടന്‍റെ മുഖത്തുണ്ടായ ചിരി തന്നെ എനിക്ക് ധാരാളമായിരുന്നു. കൂടുതല്‍ മനസ്സിലാക്കുവാനും ചോദിച്ചറിയുവാനുമുള്ള സാവകാശം എനിക്കുണ്ടായിരുന്നില്ല... ഉരുണ്ടു കൂടി, പെയ്യുവാന്‍ കഴിയാതെ, വീര്‍പ്പുമുട്ടി നില്‍ക്കുന്ന കാര്‍മേഘങ്ങളുടെ കരി നിഴലുകള്‍ എന്‍റെ മുഖത്ത് കണ്ടിട്ടെന്നോണം ചേട്ടന്‍ വേഗം കാര്യം പറഞ്ഞു തന്നു.

പാളയന്തോടന്‍!! അതെ... പാളയന്തോടന്‍പഴം! കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പഴം വാങ്ങാനിറങ്ങി. പുരകത്തുമ്പോള്‍ വാഴവെട്ടുന്നതുപോലെ ചേട്ടന്‍റെ വക വാങ്ങാനുള്ള  സാധനങ്ങളുടെ ഒരു ലിസ്റ്റും. ഒരു പേന(ചുവന്ന മഷി), നോട്ട് ബുക്ക്‌ , രണ്ടുരൂപയുടെ ചെറിയ കവര്‍ ഏരിയലിന്‍റെ സോപ്പ് പൊടി, ഷേവ് ചെയ്യാന്‍ ഒരു സെറ്റ് ബ്ലേഡ്. ഹോ ! എന്ത് പറഞ്ഞാലും ഇപ്പോള്‍ ഞാന്‍ അനുസരിക്കും അത് നന്നായിട്ട് ചേട്ടനറിയാം.

അങ്ങിനെ സകലതിലും വിരക്തനായ് മഹാപ്രസ്ഥാനത്തിനിറങ്ങിയ ധര്‍മ്മപുത്രരെപ്പോലെ ഞാന്‍ നടന്നു. ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല, മനസ്സില്‍ ഒരൊറ്റ ലക്‌ഷ്യം! ഒരേ ഓരോന്ന്! പാളയന്തോടന്‍പഴം !

കടയില്‍ ഒരല്പം തിരക്കുണ്ട്‌. സാധാരണയായ് ഈ സമയത്ത് തിരക്കുണ്ടാകാറുണ്ടെങ്കിലും വേഗം സാധനം കിട്ടാറുള്ളതാണ്. ഇന്നുപക്ഷെ കടയുടമസ്ഥന്‍റെ മകനാണെടുത്തു കൊടുക്കുന്നത്. കണക്കെഴുതുന്നതും പൈസ വാങ്ങുന്നതുമവന്‍ തന്നെ. ചുരുക്കി പറഞ്ഞാല്‍ അവന്‍ മാത്രമേയുള്ളൂ കടയില്‍... കാഴ്ചയില്‍ ഒരു പതിനാറു പതിനേഴു വയസ്സ് തോന്നിപ്പിക്കുന്ന പയ്യന്‍. കടയില്‍ നിന്ന്, എടുത്തുകൊടുത്തുള്ള പരിചയം പോര. ആളുകള്‍ ധൃതി കൂട്ടുന്നതിനനുസരിച്ച്  അവന്‍ കൂടുതല്‍ വെപ്രാളപ്പെടുന്നു, എടുത്തു കൊടുക്കുന്നതു മാറിപ്പോകുന്നു കൂട്ടുന്ന കണക്കുകള്‍ തെറ്റുന്നു അങ്ങിനെ ആകെ പ്രശ്നം. വാങ്ങാനെത്തിയ എല്ലാവര്‍ക്കും ആദ്യം വേണം. കരയുന്ന കുഞ്ഞിനെ പാലുള്ളൂവത്രേ! അപ്പോളെല്ലാ കുഞ്ഞുങ്ങളും കൂടി കരഞ്ഞാലോ? പാവം അമ്മയെന്തു ചെയ്യും?

ഏതായാലും ഞാനും കരഞ്ഞു.... ഉച്ചത്തില്‍... ഒടുവില്‍ അവനു മുന്‍പില്‍ എന്‍റെ ഊഴവുമെത്തി.  വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഓരോന്നായ് പറഞ്ഞു... വളരെ ധൃതിയില്‍ അവന്‍ കടയ്ക് മുന്നില്‍ തൂക്കിയിട്ടിരുന്ന കുലയില്‍ നിന്ന് ഒരു പടലപ്പഴം ഇരിച്ചെടുത്ത് ത്രാസ്സില്‍ വച്ച്  തൂക്കി. ഇല്ല... അരക്കിലോ പോലും ആയിട്ടില്ല. പടലയായ് അടര്‍ത്തിയെടുത്താല്‍ കൂടിപ്പോകുമോ എന്ന് ഭയന്ന് ആശാനോരോന്നോരോന്നായ് ഇരിച്ചെടുക്കാന്‍ തുടങ്ങി. കൃത്യം  ഒരു കിലോ! ഞാന്‍ ത്രാസ്സിലേക്ക് നോക്കി അവസാനം ഇരിച്ചെടുത്ത പഴങ്ങളെല്ലാം വിവസ്ത്രകളായ് ത്രാസ്സില്‍ വിശ്രമിക്കുന്നു. ഹാങ്കറില്‍ ഊരിയിട്ട കോട്ടുകള്‍ പോലെ അവയുടെ തൊലികള്‍ കുലയില്‍ തന്നെ കിടപ്പുണ്ട്. തര്‍ക്കിച്ചു നില്‍ക്കാനും ബഹളം വയ്കാനും എനിക്ക് സമയമില്ല... അങ്ങനെയെങ്കില്‍ അങ്ങനെ... സാധനങ്ങളെല്ലാം വാങ്ങി ഒരു കവറിലാക്കി ഞാന്‍ തിരിച്ചു നടന്നു.

തിരികെ മുറിയിലെത്തി സാധനങ്ങള്‍ ചേട്ടനെ എല്പിച്ചതിനു ശേഷം കുളിക്കുവാനായ് പോയ്‌. കുളി കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ചേട്ടന്‍ മുറിയിലില്ല, കറണ്ടും പോയിരിക്കുന്നു. മുറിയില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കവറില്‍ നിന്ന്‍ പഴം  രണ്ടായി പകുത്തെടുത്തു  വെളിയില്‍ വച്ചിരിക്കുന്നതാണ്. അതിലൊരു പങ്കു ചേട്ടനിരുന്ന ഭാഗത്തേക്ക് മാറ്റി വച്ചിരിക്കുന്നു. അതില്‍ പഴങ്ങളുടെ എണ്ണം കൂടുതലുമാണ്. സത്യംപറയാലോ... അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പങ്കുവയ്കുമ്പോള്‍ അത് കൃത്യം രണ്ടായി പങ്കുവയ്കെണ്ടതല്ലേ... അതല്ലേ അതിന്‍റെ  ശരി. ആ ദേഷ്യത്തില്‍, ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും  ഞാനാ മാറ്റി  വച്ചിരുന്ന പഴം മുഴുവന്‍ ഒറ്റയിരുപ്പിനു കഴിച്ചു.

കറണ്ട് വന്നപ്പോഴേക്കും ചേട്ടനുമെത്തി.
    "ഡാ ഞാനിവിടെ മാറ്റി വച്ച പഴങ്ങളെന്തിയെ?"
ആ ചോദ്യം കൂടി  ആയപ്പൊഴേക്കും എന്‍റെ ദേഷ്യം ഇരട്ടിച്ചു.
   "ഞാന്‍ വിഴുങ്ങി  എന്തെയ്? "
ദേഷ്യത്തോടുകൂടിത്തന്നെയാണു ഞാനതുപറഞ്ഞത്. ചെട്ടനതത്ര രസിച്ചില്ലായെന്നെനിക്ക് മനസ്സിലായ്. അത്ര രൂക്ഷമായാണെന്നെയപ്പോള്‍  നോക്കിയത്. അങ്ങിനെ ദേഷ്യപ്പെടേണ്ടിയിരുന്നില്ലായെന്നെനിക്കും തോന്നി. ശ്ശെ! എവിടെയിരുന്നൂ  എനിക്കീ ദേഷ്യം. ഒരുപക്ഷെ മൂന്നാല് ദിവസമായ് വയറിനുള്ളില്‍ ഉരുണ്ടുകൂടിയിരുന്നതാവാം! 

ഏതായാലും ള്ളിലൊരു പടപ്പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ ഞാനറിഞ്ഞുതുടങ്ങി. എന്‍റെ മുഖത്തെ ദേഷ്യവും, വെപ്രാളവും, പരവേശവുമൊക്കെ കണ്ടപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ ചേട്ടനറിയാതെ ചിരിച്ചുപോയി. അങ്ങിനെ ഞങ്ങള്‍ക്കിടയിലപ്പോളുണ്ടായ  കല്ലുകടിക്കുമൊരയവു വന്നു. 'എങ്കിലും... ചെട്ടനെന്തിനായിരിക്കും... ചിരിച്ചത് ???'

അതേപ്പറ്റി അധിക സമയം ആലോചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഭൂതപ്പ്രീതിയ്ക്കുള്ള പൂജ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശംഖനാദവും പെരുംമ്പറയും ഒന്നിച്ചു മുഴങ്ങുന്നതെനിക്ക് കേള്‍ക്കാം.... ഭ്രാന്തമായ ഒരാവെഗത്തോടെ നോവിന്‍റെ ചെറു കണങ്ങള്‍ ഒരിടത്തേയ്ക്കുമാത്രമായ്‌ ആവാഹിക്കപ്പെടുന്നതുഞ്ഞാനറിയുന്നു... മേഘഗര്‍ജ്ജനങ്ങളിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും മുകളില്‍ പെയ്തോഴിയുവാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍മേഘങ്ങള്‍ ആവേശത്തോടെ ഓടിയടുക്കുന്നതെനിക്കുകാണാം! ഇനിയെവിടെയും ഒരമാന്തമരുത്... ഞാനിറങ്ങിയോടി... സകല പാപങ്ങളും ഇറക്കിവയ്ക്കുവാനുള്ള ആവേശത്തോടെ....

At last the nature's call is on! അതെ... പ്രകൃതിയുടെ വിളി... വര്‍ഷങ്ങളോളം മഴ കിട്ടാതെ വരണ്ടു കീറിയ ഭൂമിയിലേക്ക്‌ കാലവസ്ഥാനിരീക്ഷകരുടെ സകല പ്രവചനങ്ങളും കീഴ്മേല്‍ മറിച്ചുകൊണ്ടൊരു ഗംഗാ പ്രവാഹം! 
തടുക്കുവാന്‍ പരമശിവന്‍റെ  ജടയില്ല. അതാരോ പിഴുതു മാറ്റിയിരിക്കുന്നു. താങ്ങുവാന്‍ ഭൂമിദേവിക്കുമാവില്ല! ഫലം ഉരുള്‍പൊട്ടലുകളും മഹാപ്രളയങ്ങളും. ഭൂമിയുടെതാണെങ്കിലും മനുഷ്യന്‍റെതാണെങ്കിലും സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാല്‍ പിന്നെ നിലനില്‍പ്പിനു പ്രയാസപ്പെടും!

നാല് ദിവസം പിന്നെയും കഴിഞ്ഞിരിക്കുന്നു. ശക്തികുറഞ്ഞ മഴ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പെയ്യുന്നുണ്ട്. ഞാനും തളര്‍ന്നു കഴിഞ്ഞു. ഇനി വയ്യ! "ഇതെന്തേ ചേട്ടാ ഇങ്ങനെ...? പാളയന്തോടന്‍ പഴത്തിനിത്ര ശക്ത്തിയോ...? " ചേട്ടന്‍റെ പൊട്ടിച്ചിരിയായിരുന്നു ഈ ചോദ്യത്തിനെനിക്ക് കിട്ടിയ മറുപടി. പേമാരി തുടങ്ങുന്നതിനും മുന്‍പ്, പൂജ തുടങ്ങുന്നതിനും മുന്‍പ് ചേട്ടന്‍റെ മുഖത്ത് ഞാന്‍ കണ്ട അതേ ചിരി! കൊലച്ചിരി!

"ഡാ...ഈ സോപ്പുപൊടിയിലെയ്... പഴം മുക്കി കഴിച്ചാ... ഇങ്ങനെയിരിക്കും!"
പറഞ്ഞതുമനസ്സിലാകാതെ തളര്‍ന്നവശതയാര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു.  "ന്താ...! മനുഷ്യന് മനസ്സിലാകുന്ന ഭാഷേല് പറയ്‌യ്യോ?"
ചേട്ടന്‍: "ഡാ ഇനിയെങ്കിലും, കടയില്‍ നിന്ന് സാധനം വാങ്ങുമ്പോ... കവറ`പൊട്ടിക്കാതെ സോപ്പുപോടിയും, തൊലി ഇരിക്കാതെ പഴവും വാങ്ങാന്‍ പഠിക്കണം! അതല്ലെങ്കില്‍... രണ്ടും രണ്ടായ്‌ സൂക്ഷിച്ചു കൊണ്ടുവരാന്‍ പഠിക്കണം! മനസ്സിലായോ...? "
ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് ചേട്ടന്‍ വീണ്ടും.
"നീയാ ഇരുട്ടത്തെടുത്ത് കഴിച്ചത്... സോപ്പുപൊടി പുരണ്ടിട്ടുഞാനെടുത്തു മാറ്റിവച്ച പഴങ്ങളായിരുന്നു!" 
സോപ്പുപോടിയും പഴവും, നല്ല ചേര്‍ച്ച! ഇതാണോ എനിമ?

തളര്‍ന്നവശനായിരിക്കുന്ന എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല. ചിരിക്കുവാന്‍ കൂടി വയ്യാതായിരിന്നു. കറണ്ടില്ലാതിരുന്നതും, നാവിനു രുചിയറിയാന്‍ കഴിയാതിരുന്നതും, ചേട്ടനോടുള്ള ദേഷ്യവും പിന്നെ അപ്പോഴത്തെ അവസ്ഥയും ഒക്കെകൂടി ചേര്‍ന്നപ്പോള്‍ ആകെ ഭ്രാന്തു പിടിച്ചു... കഴിക്കുന്നതെന്താണെന്നു കൂടി ശ്രദ്ധിച്ചില്ല! ഒരു തളര്‍ന്ന ചിരിയോടെ ഞാന്‍ കസേരയിലെക്കമര്‍ന്നിരുന്നു .


21 comments:

  1. ഹഹഹ
    അമ്പടാ പാളയന്തോടാ....!!

    ReplyDelete
  2. Kidilan...kallakiii

    ReplyDelete
  3. ഹ ഹ ഹ കൊള്ളാംട്ടാ ചുള്ളന്മാരേ..

    ReplyDelete
  4. ദും ദും പരിമളം ജാസ്തി
    പീ പീ ഹെ മാധ്യമം
    കഷ് പിഷ്‌ മഹാ കഷ്ടം
    നിന്ശബ്ദം പ്രാണസങ്കടം.
    ഇങ്ങിനെ എന്തോ ഒരു കവിത കേട്ടിട്ടുണ്ട്.
    ഇത് പെരുമഴയായിരുന്നല്ലേ..?

    ReplyDelete
  5. ഡാ സംഗതി കലക്കി. നര്‍മ്മം നഷ്ടപെടാതെ തന്നെ ആദ്യം മുതല്‍ അവതരിപ്പിച്ചു. പിന്നെ അളിയാ വയറിളക്കം തുടങ്ങുമ്പോള്‍ വയറ്റില്‍ ഉണ്ടാകുന്ന ആ വെപ്രാളം അവതരിപ്പിച്ചത് സൂപ്പര്‍ ആയി. "അതേപ്പറ്റി അധിക സമയം ആലോചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഭൂതപ്പ്രീതിയ്ക്കുള്ള പൂജ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശംഖനാദവും പെരുംമ്പറയും ഒന്നിച്ചു മുഴങ്ങുന്നതെനിക്ക് കേള്‍ക്കാം.... ഭ്രാന്തമായ ഒരാവെഗത്തോടെ നോവിന്‍റെ ചെറു കണങ്ങള്‍ ഒരിടത്തേയ്ക്കുമാത്രമായ്‌ ആവാഹിക്കപ്പെടുന്നതുഞ്ഞാനറിയുന്നു... മേഘഗര്‍ജ്ജനങ്ങളിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും മുകളില്‍ പെയ്തോഴിയുവാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍മേഘങ്ങള്‍ ആവേശത്തോടെ ഓടിയടുക്കുന്നതെനിക്കുകാണാം! ഇനിയെവിടെയും ഒരമാന്തമരുത്... ഞാനിറങ്ങിയോടി... സകല പാപങ്ങളും ഇറക്കിവയ്ക്കുവാനുള്ള ആവേശത്തോടെ...." ഇങ്ങനെ വയരിലക്കത്തിനെ ഒപമിക്കം എന്ന് ഞാന്‍ അറിഞ്ഞില്ല. സംഭവം കേമം.

    ReplyDelete
  6. :)
    ആളു മോശമില്ല കേട്ടോ പാളയന്തോടാ

    ReplyDelete
  7. :) ... Interesting.. So thank you for the information.. Hope it will help in the future

    ReplyDelete
  8. da palayam thodan alla palayam kodananennanu ente arivu. pinne super scripting. pinne oru karyathe [pati oru padu vivarthanam veno????? any way ne oru nalla script writer avate

    ReplyDelete
  9. kollam... ith kallaittu masheeeeeeeeeeeeee...

    ReplyDelete
  10. അത്താഴം മുട്ടിക്കാന്‍ ഒരു പാളയന്‍കോടന്‍ മതിലേ...

    ReplyDelete
  11. unnikuttaaa,,,charakee kalakii ktooooo,,,keep goingg....

    ReplyDelete
  12. ambbada unikutta.....!!!!!! ellavidha ashamsakalum.........

    ReplyDelete
  13. നല്ല ഹാസ്യം, ആസ്വദിച്ചു വായിച്ചു!

    ReplyDelete
  14. സര്‍ഫ് വിത്ത്‌ പാളെംകോടന്‍ കൊള്ളാം :)

    ReplyDelete
  15. അതേപ്പറ്റി അധിക സമയം ആലോചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഭൂതപ്പ്രീതിയ്ക്കുള്ള പൂജ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശംഖനാദവും പെരുംമ്പറയും ഒന്നിച്ചു മുഴങ്ങുന്നതെനിക്ക് കേള്‍ക്കാം.... ഭ്രാന്തമായ ഒരാവെഗത്തോടെ നോവിന്‍റെ ചെറു കണങ്ങള്‍ ഒരിടത്തേയ്ക്കുമാത്രമായ്‌ ആവാഹിക്കപ്പെടുന്നതുഞ്ഞാനറിയുന്നു... മേഘഗര്‍ജ്ജനങ്ങളിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും മുകളില്‍ പെയ്തോഴിയുവാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍മേഘങ്ങള്‍ ആവേശത്തോടെ ഓടിയടുക്കുന്നതെനിക്കുകാണാം! ഇനിയെവിടെയും ഒരമാന്തമരുത്... ഞാനിറങ്ങിയോടി... സകല പാപങ്ങളും ഇറക്കിവയ്ക്കുവാനുള്ള ആവേശത്തോടെ....

    At last the nature's call is on! അതെ... പ്രകൃതിയുടെ വിളി... വര്‍ഷങ്ങളോളം മഴ കിട്ടാതെ വരണ്ടു കീറിയ ഭൂമിയിലേക്ക്‌ കാലവസ്ഥാനിരീക്ഷകരുടെ സകല പ്രവചനങ്ങളും കീഴ്മേല്‍ മറിച്ചുകൊണ്ടൊരു ഗംഗാ പ്രവാഹം!
    തടുക്കുവാന്‍ പരമശിവന്‍റെ ജടയില്ല. അതാരോ പിഴുതു മാറ്റിയിരിക്കുന്നു. താങ്ങുവാന്‍ ഭൂമിദേവിക്കുമാവില്ല! ഫലം ഉരുള്‍പൊട്ടലുകളും മഹാപ്രളയങ്ങളും. ഭൂമിയുടെതാണെങ്കിലും മനുഷ്യന്‍റെതാണെങ്കിലും സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാല്‍ പിന്നെ നിലനില്‍പ്പിനു പ്രയാസപ്പെടും!

    Gokul brilliant work!! Keep on going...
    ഭൂമിയുടെതാണെങ്കിലും മനുഷ്യന്‍റെതാണെങ്കിലും സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാല്‍ പിന്നെ നിലനില്‍പ്പിനു പ്രയാസപ്പെടും!
    Great message.

    ReplyDelete
  16. daaaaa kalakki............superb.....

    ReplyDelete