Sunday, 21 October 2012

അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍...കണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും ഇടചേര്‍ത്തി കഥ പറയുന്ന രീതിയില്‍ ഒത്തിരി നല്ല സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ ഗണത്തിലേക്ക് ഈ സിനിമയും...അശ്ലീലവും അസഭ്യവും മാത്രാമല്ല നവ യുഗ സിനിമ എന്ന് മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിക്കും.
കര്‍ത്തവ്യം മറക്കുന്ന ഡോക്ടര്‍മാരും, ഒന്ന് പറഞ്ഞു രണ്ടാമതത്തിനു ഡോക്ടറെയും ആശുപത്രിയും തല്ലി പൊളിക്കുന്ന സാമൂഹിക വിരുദ്ധരും, തട്ടിപ്പും വെട്ടിപ്പും കാണിചു നടത്തുന്ന ആശുപത്രിക്കാരും നമുക്ക് ഒരു വേര്‍ക്കാഴ്ചയും വാര്‍ത്തയും അല്ല. ആ കാഴ്ചയാണ് ഈ സിനിമ എന്നും പറയാം. ആ കാഴ്ചപ്പാടിലേക്ക്‌ നിറം പകര്‍ത്താന്‍ കുറച്ചു തമാശയും പ്രണയവും എല്ലാം, അങ്ങനെ ഒരു നല്ല സിനിമ കാഴ്ചക്കാരന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കും. കുറെ നാളുകള്‍ക്കു ശേഷം പ്രിത്വിരാജിന്റെ നല്ല ഒരു പ്രകടനവും സിനിമയും എത്തുകയാണ്. അതില്‍ അദ്ധേഹത്തെ പോലെ തന്നെ നമുക്കും ആശ്വസിക്കാം. പ്രതാപ് പോത്തന്‍, നരൈന്‍, റിമ, രമ്യ നമ്പീശന്‍ എല്ലാരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു.
ലാല്‍ ജോസ്, Diamond Necklace നു ശേഷം തന്റെ അടുത്ത ചിത്രം മികച്ചതാക്കിയിരിക്കുന്നു. ബോബ്ബി സഞ്ജയ് ഒരുക്കിയിരിക്കുന്ന കഥാഗതിയും തിരക്കഥയും ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നു.
സിനിമാടോഗ്രാഫിയും, എഡിറ്റിങ്ങും ഗാനങ്ങളും മികവു പുലര്‍ത്തുന്നു.
Overall Rating :- 4 / 5

Wednesday, 3 October 2012

ട്രിവാന്‍ഡ്രം ലോഡ്ജ്

ബ്യുടിഫുല്‍ എന്നാല്‍ മനോഹരം, ആ പേരില്‍ ഇറങ്ങിയ ചിത്രം മനോഹരം ആയിരുന്നു. അതെ ടീം, VK പ്രകാശിന്റെ സംവിധാനത്തില്‍ അനൂപ്‌ മേനോന്റെ തിരകഥയില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഇറങ്ങുമ്പോള്‍ അത് അതിമനോഹരം ആകുമെന്ന് പ്രതീക്ഷിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷെ തികച്ചും വിപരീതം ആയി തോന്നപ്പെട്ടു. എന്താണ് പറയാന്‍ ഉള്ളത് എന്ന് ആര്‍ക്കും വ്യക്തമായ ധാരണ ഉള്ളതായി തോന്നിയില്ല. ബ്യുടിഫുള്‍ കഥക്ക് വേ
ണ്ടിയുള്ള സിനിമ ആയിരുന്നെങ്കില്‍ ഇത് സിനിമയ്ക്കു വേണ്ടിയുള്ള ഒരു കഥ, അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി തോന്നി. ഓരോ സീനും തമ്മില്‍ ഒരു ഇഴുകിച്ചേരല്‍ ഉള്ളതായി തോന്നിയില്ല. അതേ കാരണത്താല്‍ തന്നെ സിനിമ എന്നുള്ളതിനേക്കാള്‍ സീനുകളുടെ ഒരു നിരയാണ് ഇതെന്നാണ് തോന്നിയത്. 


ട്രിവാന്‍ഡ്രം ലോഡ്ജില്‍ താമസിക്കുന്ന കുറച്ചു അന്തേവാസികള്‍ , അതില്‍ ഒരാളാണ് അബ്ദു. തന്റെ ജീവിതത്തില്‍ ഇത് വരെ ഒരു സ്ത്രീകളെയും അടുത്തറിയുവാന്‍ സാധിക്കാത്ത ഒരു യുവാവ്.വിവാഹ ബന്ധം വേര്‍പ്പെടുത്തി അവിടെ കഥയെഴുതാന്‍ എത്തുന്ന പെണ്‍കുട്ടി, സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവള്‍ , ഉടമസ്ഥന്‍ രവിശങ്കര്‍ അങ്ങനെ അങ്ങനെ കുറച്ചു കഥാപാത്രങ്ങള്‍ . അവരുടെ ജീവിതവും ആഗ്രഹങ്ങളും പറഞ്ഞു പോകുന്ന കഥ.

ന്യൂ ജനറേഷന്‍ സിനിമകളില്‍ ധാരാളമായി കാണുന്ന പച്ചയായ ആവിഷ്കാരം ഇവിടെ പക്ഷെ കുറച്ചു അസഭ്യതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു. കഥയുടെ സ്വാഭാവിക ഗതിക്കു വേണ്ടി അത്തരം പാതകളില്‍ നീങ്ങുന്നതില്‍ കുഴപ്പമില്ല. അത് നമ്മള്‍ തൂവാനത്തുമ്പികളിലും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും വൈശാലിയിലും ഒക്കെ കണ്ടിട്ടുണ്ട്. അത് പക്ഷെ ഒരിക്കലും ഒരു അസഭ്യമായി അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി അനുഭവപ്പെട്ടിട്ടില്ല. കാരണം അത് കഥയുടെ ഭാഗമായിരുന്നു, അതുമായി ലയിച്ചു നില്‍ക്കുന്നതായിരുന്നു. പക്ഷെ ഇവിടെ അത് എത്തിനില്‍ക്കുമ്പോള്‍ പലയിടത്തും അത് അനാവശ്യമായി പോയതായി തോന്നി. പലരും അത്തരം സീനുകള്‍ക്ക് കയ്യടിക്കുന്നുണ്ടായിരുന്നു, അപ്പോള്‍ തോന്നി ഈ കരഘോഷങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം വെച്ച് കെട്ടിയ രംഗങ്ങള്‍ അല്ലെ അത്.
ചില മേഖലകളില്‍ പക്ഷെ ചിത്രം ഒരു ഉയിര്‍പ്പിന്റെ പ്രതീക്ഷകള്‍ നല്‍കി, പിന്നീട് പരാജയപ്പെട്ടു. ചില കാര്യങ്ങള്‍ ചിത്രം തുറന്നു പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും , അനൂപ്‌ മേനോന്റെ കഴിഞ്ഞ കഥകളില്‍ പലയിടത്തും പറഞ്ഞ വിഷയങ്ങള്‍ തന്നെയല്ലേ അതൊക്കെ. പലയിടത്തും അവ്യക്തത അനുഭവപ്പെട്ടു.

അഭിനയത്തിന്റെ കാര്യത്തില്‍ പക്ഷെ എല്ലാവരും മികച്ചു നിന്നു. ജയസൂര്യ അവതരിപ്പിച്ച അബ്ദു വളരെ നിഷ്കളങ്കനായി തന്നെ സ്ക്രീനില്‍ നിറഞ്ഞു നിന്നു. അനൂപ്‌ മേനോന്‍ തന്റെ സ്വതസിദ്ധ നാച്ചുറല്‍ രീതിയില്‍ ഗംഭീരമായി തന്നെ പ്രകടനം കാഴ്ച വെച്ചു. സൈജു കുറുപ്പും, തെസ്നി ഖാനും നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചു.

ചിത്രത്തിന്റെ ടെക്നിക്കല്‍ ആസ്പെക്ട്ടില്‍ ഒരു സാധാരണക്കാരന് കണ്ടു പിടിക്കാന്‍ പറ്റുന്ന ഒരു പിഴവും ഇല്ല. എം ജയചന്ദ്രന്‍ ഈണം നല്‍കിയ പാട്ടുകള്‍ പക്ഷെ വ്യത്യസ്തത പുലര്‍ത്തിയില്ല. തികച്ചും സാധാരണയായി തോന്നി, ഈണങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല .

എടുത്തു പറയേണ്ട ഒരു അഭിപ്രായം ഉണ്ട്. തൂവാനത്തുമ്പികളിലെ തങ്ങള്‍ ഒരു വേറിട്ട വേഷമായിരുന്നു. ക്ലാരയുമായി ജയകൃഷ്ണന്‍ തങ്ങളുടെ മുറിയുടെ താഴെ കാറില്‍ ചെന്ന് നിര്‍ത്തി, ജയകൃഷ്ണന്‍ തങ്ങളെ കണ്ടു അയാളുടെ വീടിന്റെ താക്കോല്‍ വാങ്ങാന്‍ പോകുന്ന ആ സീനിലെ അഭിനയം മാത്രം മതി തങ്ങളെ വ്യത്യസ്തനാക്കാന്‍.. ഇവിടെ ഒരു സീനില്‍ അതെ തങ്ങള്‍ എത്തുന്നുണ്ട്. തൂവാനത്തുമ്പികളുടെ അതേ BG SCORE പിന്നണിയില്‍ കേള്‍പ്പിച്ചു കൊണ്ട്. തങ്ങള്‍ എന്ന പത്മരാജന്റെ ആ നല്ല കഥാപാത്രത്തെ ഇതിലോട്ടു വലിച്ചു വീഴ്തണ്ടിയിരുന്നില്ല, ആ പഴയ തങ്ങളുടെ മനോഹാരിത ഇവിടെ ഇല്ല. അതിനു കാരണം ആ ഏച്ചുക്കെട്ടല്‍ തന്നെ.

ബ്യുടിഫുള്ളിനു ശേഷം അതേ ടീം മറ്റൊരു ചിത്രം ഇറക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിറഞ്ഞിരുന്നു. രണ്ടു ദിവസം മിനക്കെട്ടാണ് ഇതിനു ഒരു ടിക്കറ്റ്‌ ഒപ്പിച്ചത്. അത്രയ്ക്ക് ഇതില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ നിരാശാജനകം എന്ന് പറയേണ്ടി വരുന്നതില്‍ വളരെ വിഷമം ഉണ്ട്. VK പ്രകാശില്‍ നിന്നും അനൂപ്‌ മേനോനില്‍ നിന്നും പ്രതീക്ഷത്തിന്റെ അടുത്ത് നിന്നു വളരെ അകലെയാണ് ഈ ചിത്രം . പക്ഷെ പിന്മാറുകയോ അവരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. കാരണം അവരുടെ ചരിത്രം അവരുടെ കഴിവുകള്‍ തെളിയിച്ചതാണ്, അവര്‍ അതിമനോഹരമായ ചിത്രങ്ങള്‍ ഇനിയും കാഴ്ച വെയ്ക്കും എന്ന് ഉറപ്പാണ്.

Rating : 2 / 5
Below Expectations