Wednesday 19 June 2013

ദൈവത്തിന്റെ കൈവിട്ട കളി

ദൈവം ചിലപ്പോൾ ചില കൈവിട്ട കളി കളിക്കും.

ഇരുൾ നിറഞ്ഞ വഴിയിൽ വെളിച്ചത്തിന്റെ ചെറു കണങ്ങളെ കാട്ടും. പക്ഷെ, ഈയാംപാറ്റകളുടെ ആയുസ് പോലെ, നിമിഷനേരം  കൊണ്ട് ആ ചെറുവിളക്കുകൾ അണച്ച് കളയും.

ചിലരുടെ മരണം, അവന്റെ പ്രിയപ്പെട്ടവരുടെ മനസ്സില് പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിക്കും, അടുത്ത നിമിഷം ഒരു പേമാരിയിൽ അത് എന്നെന്നേക്കുമായി പിഴുതെറിയും.

ഇന്ന് എന്റെ സുഹൃത്തിന്റെ അമ്മാവൻ മരിച്ചു. രോഗവിമുക്തനായി ആശുപത്രി വിടാൻ ഒരുങ്ങി നിന്ന ദിവസം....

Saturday 25 May 2013

പെണ്‍കുട്ടി

ഞാനിന്നലെയൊരു പെണ്‍കുട്ടിയെ കണ്ടു! കാത്തിരുന്ന് കാത്തിരുന്ന്... ഒടുവിലൊട്ടും പ്രതീക്ഷിക്കാത്ത സമയത്ത്പെട്ടന്ന് കണ്ടപ്പോ... ഒന്ന് പതറി!
പേരറിയാമായിരുന്നിട്ടും ഞാനവളോട് ചോദിച്ചു.
"എന്താ പേര് ?"
"മഴ" അവൾ പറഞ്ഞു.
"ഹിന്ദുസ്ഥാനീ  സംഗീതം പഠിച്ചിട്ടുണ്ടോ? "
“ഇല്ല. ഞാന്‍ പഠിച്ചിട്ടില്ല. എനിക്കെന്‍റെ നടത്തത്തിന്‍റെ താളം മാത്രമേയറിയൂ. അത് ഞാന്‍ പറഞ്ഞുതരാം. വരുമോ എന്‍റെ കൂടെക്കുറച്ചു നടക്കാന്‍.. ” ഒരുപാട് പരിചയമുള്ളപോലെ അവളെന്നെ ക്ഷണിച്ചു.
ആ ക്ഷണം ഞാന്‍ സ്വീകരിച്ചു... ഞങ്ങളൊന്നിച്ച് കുറച്ചു ദൂരം നടന്നു. എന്‍റെയമ്മയെന്നോട്  പലപ്പഴും പറഞ്ഞിട്ടുണ്ട് അവൾടൊപ്പമിങ്ങനെ നടക്കല്ലേ നടക്കല്ലേ എന്ന്. ആര് കേള്‍ക്കാന്‍... രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനിം ചൊമേം...


Wednesday 6 March 2013

അഭയം

ചുട്ടു പൊള്ളുന്ന വെയില്‍. ചുറ്റും വെന്തെരിഞ്ഞ കാടിന്‍റെ അവസാന ശേഷിപ്പുകളുടെ ആര്‍ത്തനാദം. ഒഴുക്ക് നിലച്ച നദിയുടെ മാറിലെ  മണലൂറ്റിയെടുത്തുണ്ടായ വടുക്കളില്‍, പൊറ്റക്കുഴികളില്‍ അവശേഷിച്ച ജലം പുതിയ രോഗങ്ങളുടെ മഹാ ബീജങ്ങള്‍ക്ക്  പാത്രമേകുന്നു. കാറ്റ്, മീനച്ചൂടിന്‍റെ കാഠിന്യം ശരീരത്തില്‍ നീറ്റലായ് ഓര്‍മ്മപെടുത്തുമ്പോഴേക്കുംആ തീരത്ത് നിന്ന് ചലിക്കാനകാത്തടത്തോളം,  കാലുകള്‍ ചളിയില്‍ ആണ്ടു പോയിരിന്നു. അവിടെ നിന്നുകൊണ്ടവന്‍ ആ സിദ്ധാര്‍ത്ഥ വചനങ്ങള്‍ ഓര്‍ത്തു... 
 
"തിരസ്കരിച്ചതിനെ ഓര്‍ത്തു ദുഖിക്കാതിരിക്കുക. ഒരിക്കലും തിരസ്കരിക്കേണ്ടി വരാത്തതില്‍ അഭയം തേടുക, ഇതാ, ഈ മരങ്ങളിലും പുഴയിലും പുഴവക്കിലെ ഈ പരിചയമുള്ള കുളിര്‍മയുടെ കാരുണ്യത്തിലും.” **

അപ്പോഴൊക്കെയും  ചുടു കാറ്റ് അവന്‍റെ ശരീരത്തില്‍, വെയിലേറ്റുണ്ടായ
പൊള്ളല്‍ കുമിളകളില്‍ പുതിയ പുതിയ നീറ്റലുകള്‍ ഏല്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെ അഭയം തേടാന്‍ താമസിച്ചു പോയിരിക്കുന്നു.  അവനോര്‍ത്തു. മരങ്ങള്‍, പുഴകള്‍, പുഴവക്കിലെ പരിചയമുള്ള കുളിര്‍മ്മ ഒക്കെയും  പുറകിലേക്കുള്ള ദൂരങ്ങളിലെവിടെയോ മാഞ്ഞുപോയിരിക്കുന്നു... സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം ആണ്ടു പോയ ചളിയില്‍ ചലനം നഷ്ട്ടപ്പെട്ടിട്ടും  അവന്‍ വെറുതെ ആശിച്ചു, വഴികാട്ടിയായി ഒരു ബോധിവൃക്ഷമെങ്കിലും അവശേഷിപ്പിച്ചിരുന്നെങ്കില്‍...